തിരിച്ചടവ് പൂർത്തിയാക്കി 30 ദിവസത്തിനകം രേഖ മടക്കി നൽകിയില്ലെങ്കിൽ ദിവസം 5,000 രൂപവീതം പിഴ

[ad_1]

ന്യൂഡൽഹി∙ വായ്പാ തിരിച്ചടവു പൂർത്തിയാക്കി 30 ദിവസത്തിനുള്ളിൽ ഈട് വച്ച രേഖകൾ മടക്കിനൽകിയില്ലെങ്കിൽ വൈകുന്ന ഓരോ ദിവസത്തിനും വ്യക്തിക്ക് ധനകാര്യസ്ഥാപനം 5,000 രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് റിസർവ് ബാങ്കിന്റെ സുപ്രധാന വിജ്ഞാപനം. എല്ലാത്തരം ബാങ്കുകൾക്കും ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങൾക്കും (എൻബിഎഫ്‍സി) ഡിസംബർ 1 മുതൽ ചട്ടം ബാധകമായിരിക്കും. നിലവിലുള്ള വായ്പകളും ഇതിന്റെ പരിധിയിൽ വരും. ഉപഭോക്തൃ സേവന മാനദണ്ഡങ്ങൾ മെച്ചപ്പെടുത്താനായി രൂപീകരിച്ച ആർബിഐ മുൻ ഡപ്യൂട്ടി ഗവർണർ ബി.പി.കനൂങ്കോ അധ്യക്ഷനായ സമിതിയുടെ ശുപാർശയാണ് ആർബിഐ അംഗീകരിച്ചത്.

വായ്പ തിരിച്ചടച്ചാലും രേഖകൾ മടക്കിനൽകാൻ വൈകുന്നുവെന്ന് പരാതികൾ ലഭിച്ചിരുന്നു. വായ്പയെടുത്തവർക്ക് ഏറെ ആശ്വാസം പകരുന്നതാണ് തീരുമാനം. വായ്പയെടുത്ത ബാങ്ക് ശാഖയിൽ നിന്നു മാത്രമല്ല, ഉപയോക്താവ് തിരഞ്ഞെടുക്കുന്ന ശാഖയിൽ നിന്നു രേഖ സ്വീകരിക്കാം. തിരിച്ചടവ് കഴിഞ്ഞ് 30 ദിവസത്തിലേറെ വൈകിയാൽ എന്തുകൊണ്ട് വൈകുന്നുവെന്ന കാര്യം ഉപയോക്താവിനെ അറിയിക്കുകയും വേണം. ധനകാര്യസ്ഥാപനത്തിന്റെ വീഴ്ച മൂലമുള്ള കാലതാമസത്തിനാണ് നഷ്ടപരിഹാരം.

പലിശ നിരക്കിലെ മാറ്റം; സത്യവാങ്മൂലം നൽകണം

ന്യൂഡൽഹി∙ പലിശനിരക്കിൽ വരുന്ന മാറ്റം വായ്പയെടുത്തവരെ അറിയിക്കാൻ ബാങ്കുകൾക്ക് കടമയുണ്ടോയെന്ന കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ റിസർവ് ബാങ്കിനോട് സുപ്രീം കോടതി നിർദേശിച്ചു. വായ്പാ അക്കൗണ്ടിന്റെ വാർഷിക സ്റ്റേറ്റ്മെന്റ് നൽകേണ്ടതുണ്ടോയെന്ന കാര്യത്തിലും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ അഭിപ്രായം തേടി. പഞ്ചാബ്–ഹരിയാന ഹൈക്കോടതിയുടെ ഒരു വിധിക്കെതിരെ പഞ്ചാബ് നാഷനൽ ബാങ്ക് നൽകിയ ഹർജിയിലാണ് ഇക്കാര്യം ചോദിച്ചിരിക്കുന്നത്. പലിശ കൂടുമ്പോൾ വായ്പയുടെ കാലാവധിയോ തിരിച്ചടവോ (ഇഎംഐ) വർധിപ്പിക്കണമെങ്കിൽ വ്യക്തിയുടെ അനുമതി തേടണമെന്ന വ്യവസ്ഥ ഡിസംബർ 31നകം ധനകാര്യസ്ഥാപനങ്ങൾ പാലിച്ചിരിക്കണമെന്ന് റിസർവ് ബാങ്ക് ഓഗസ്റ്റിൽ വിജ്ഞാപനമിറക്കിയിരുന്നു.

രേഖ നഷ്ടപ്പെട്ടാൽ ചെലവു വഹിക്കണം

∙ ഈട് രേഖകൾ പൂർണമായോ ഭാഗികമായോ നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്താൽ പുതിയ രേഖ തരപ്പെടുത്താൻ ഉപയോക്താവിനെ സഹായിക്കുന്നതിനു പുറമേ അതിന്റെ ചെലവും ധനകാര്യസ്ഥാപനം വഹിക്കണം.

∙ രേഖകൾ നഷ്ടപ്പെടുന്ന സാഹചര്യങ്ങളിൽ നടപടികൾ പൂർത്തിയാക്കാനായി ധനകാര്യസ്ഥാപനങ്ങൾക്ക് 30 ദിവസം കൂടി അധികമായി അനുവദിക്കും. ചുരുക്കത്തിൽ വായ്പാതിരിച്ചടവു കഴിഞ്ഞ് 60 ദിവസം കഴിഞ്ഞും രേഖ നൽകാനായില്ലെങ്കിൽ പിന്നീടുള്ള ഓരോ ദിവസത്തിനും 5,000 രൂപ വീതം നഷ്ടപരിഹാരം വ്യക്തിക്ക് നൽകണം.

∙ വായ്പ നൽകുമ്പോൾ തന്നെ, ഈട് രേഖകൾ തിരിച്ചുകിട്ടാനുള്ള സമയപരിധിയും സ്ഥലവും ഇതുസംബന്ധിച്ച പേപ്പറുകളിൽ ധനകാര്യസ്ഥാപനങ്ങൾ വ്യക്തമാക്കിയിരിക്കണം.

∙ വായ്പയെടുത്തയാൾ മരണപ്പെട്ടാൽ അവകാശികൾക്ക് രേഖകൾ കൈമാറാൻ കൃത്യമായ സംവിധാനമുണ്ടായിരിക്കണം. ഇതിന്റെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.

Content Highlight: Banks must return documents in 30 days of loan repayment: RBI instruction

[ad_2]

Source link

Related Articles

Back to top button