KERALALATEST NEWS

പാസ്‌പോർട്ടിന് അപേക്ഷിച്ച് കാത്തിരിക്കേണ്ട ആവശ്യം വടക്കൻ ജില്ലക്കാർക്ക് വരില്ല, പദ്ധതി ഒരുങ്ങുന്നു

[ad_1]

kannur

എല്ലാ വെല്ലുവിളികളെയും നേരിട്ട് തളിപ്പറമ്പ് നാടുകാണിയിലെ നിർദിഷ്ട സഫാരി പാർക്കിന്റെ പ്രാരംഭ നടപടി ആരംഭിച്ച് സർക്കാർ. ഭൂമിയുടെ രൂപരേഖ തയ്യാറാക്കുന്നതിന് മുന്നോടിയായി റവന്യു വകുപ്പ് സംഘം സ്ഥലം സന്ദർശിച്ചു. മൂന്ന് മാസം കൊണ്ട് രൂപരേഖ തയ്യറാക്കും. നിലവിൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള ഭൂമിയാണ് പദ്ധതിക്കായി വിട്ടുനൽകേണ്ടത്. മൃഗശാല വകുപ്പിന് കൈമാറുന്നതിനു മുന്നോടിയായി ഭൂമിയുടെ രൂപരേഖ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനാണ് ജില്ലാ റവന്യു സർവേ അധികൃതർ പദ്ധതി പ്രദേശം സന്ദർശിച്ചത്. പദ്ധതി പ്രദേശത്തോട് ചേർന്ന് കിടക്കുന്ന നാടുകാണി നരിമടയും സംഘം സന്ദർശിച്ചു ഈ പ്രദേശവും പദ്ധതിയുടെ ഭാഗമാക്കാൻ സാധിക്കുമോ എന്ന് പഠിക്കുമെന്നാണ് അധികൃതർ പറയുന്നത്.

ഇടതുമുന്നണിയിൽ കലഹം
പദ്ധതിക്കെതിരേ ഇടതുമുന്നണിയിൽ പൊട്ടിത്തെറി നിലനിൽക്കുകയാണ്. നാടുകാണി പ്ലാന്റേഷൻ കോർപ്പറേഷന്റെ മൊത്തം ഭൂമിയുടെ അഞ്ച് ശതമാനം മാത്രമേ മറ്റുള്ള പദ്ധതികൾക്ക് വിട്ടുകൊടുക്കാൻ സാധിക്കുകയുള്ളൂ എന്ന ഇടതുമുന്നണിയുടെ പ്രഖ്യാപിത നയത്തിൽ മാറ്റമുണ്ടാകാത്തിടത്തോളം കാലം എതിർപ്പ് ഉണ്ടാകും. നേരത്തേ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോയെങ്കിലും മുന്നണിയിലെ തർക്കം കാരണം പിന്നീട് പ്രവർത്തനം മന്ദഗതിയിലാകുകയായിരുന്നു. എന്നാൽ 300 കോടി അനുവദിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻ വച്ചത്.

പദ്ധതിക്കെതിരെ സി.പി.ഐ. പ്രാദേശികഘടകവും എ.ഐ.ടി.യു.സി.യും രംഗത്തുവന്നതും പദ്ധതിയുടെ വേഗം കുറയാൻ കാരണമായതായാണ് വിലയിരുത്തൽ. പ്ലാന്റേഷൻ കോർപ്പറേഷൻ കീഴിലെ തൊഴിലാളികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു എ.ഐ.ടി.യു.സി പ്രതിഷേധം. നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങൾ നിലനിൽക്കുന്ന നാടുകാണിയിൽ മൃഗശാല സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നായിരുന്നു സി.പി.ഐയുടെ ആവശ്യം.

സ്ഥലം എം.എൽ.എ.യും സി.പി.എം. സംസ്ഥാന സെക്രട്ടറിയുമായ എം.വി.ഗോവിന്ദൻ മുൻ കൈയെടുത്താണ് പാർക്ക് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ചപ്പാരപ്പടവ്, കുറുമാത്തൂർ പഞ്ചായത്തുകളിൽ വ്യപിച്ചുകിടക്കുന്നതാണ് തോട്ടം. ഇവിടെ വാഹനത്തിൽ സഞ്ചരിച്ച് മൃഗങ്ങളെ കാണാനാകും വിധത്തിലാണ് പാർക്ക് വിഭാവനംചെയ്യുന്നത്.

സ്ഥലം പാർക്കിന് അനുയോജ്യം

മൃഗശാലാ അതോറിട്ടിയുടെ മാർഗനിർദ്ദേങ്ങളനുസരിച്ച് സഫാരി പാർക്കിന് ഏറ്റവും അനുയോജ്യമായ പ്രദേശമാണ് നാടുകാണി. കേന്ദ്രനിയമപ്രകാരം വലിയ കാറ്റഗറിയിലുള്ള മൃഗശാല സ്ഥാപിക്കാൻ 186 ഏക്കറാണ് വേണ്ടത്. ഇതിനൊപ്പം സഫാരി പാർക്ക് സ്ഥാപിക്കാൻ 50 മുതൽ 75 വരെ ഏക്കർ ഭൂമി കൂടിയാണ് വേണ്ടത്. മുന്നൂറോളം ഏക്കറിലുള്ളതാണ് നാടുകാണിയിലെ തോട്ടംഭൂമി. ഏഷ്യയിലെ ഏറ്റവും വലിയ കറുവ തോട്ടങ്ങളിലൊന്നാണിത്. ആലക്കോട് സർക്കാർ എസ്റ്റേറ്റ് എന്ന ഭൂമി 2003ൽ ആദിവാസികൾക്ക് പതിച്ചുനൽകാനായി സർക്കാർ ഏറ്റെടുത്തു. പ്ലാന്റേഷൻ കോർപ്പറേഷന്റെ കീഴിലുള്ള സ്ഥലത്ത് ഇപ്പോൾ ഔഷധസസ്യങ്ങളാണ് കൂടുതലും.

കശുവണ്ടി, കറുവപ്പട്ട, പാഷൻ ഫ്രൂട്ട് തുടങ്ങി വിവിധ വിളകൾ വളർത്തുന്നു. എസ്റ്റേറ്റിൽ മൂവായിരത്തിലധികം കറുവാപ്പട്ടകളുണ്ട്, വെള്ളക്കെട്ടില്ലാത്തതും പ്രകൃതി ദുരന്തങ്ങൾ സംഭവിക്കാത്തതുമായ സ്ഥലമാണ് മൃഗശാലകൾക്ക് പരിഗണിക്കുന്നത്. നാടുകാണിയിൽ ഇത്തരം പ്രശ്‌നങ്ങളില്ല. മൂന്നു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിച്ച് മൃഗശാല തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. നിർമ്മാണം പൂർത്തിയായാൽ കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയായിരിക്കും നാടുകാണിയിലേത്.

ആദ്യ കടമ്പ ഭൂമി കൈമാറ്റം

സംസ്ഥാനത്തെ ആദ്യ അനിമൽ സഫാരി പാർക്കിനുള്ള ഭൂമി കൈമാറ്റമാണു പദ്ധതിയുടെ ആദ്യ കടമ്പ. പ്ലാന്റേഷൻ കോർപറേഷന്റെ കൈവശമുള്ള കൃഷി വകുപ്പിന്റെ ഭൂമിയാണു പദ്ധതിക്കായി വിട്ടുനൽകേണ്ടത്. എസ്റ്റേറ്റ് ഭൂമി കൈമാറുന്നതു സംബന്ധിച്ചും പ്ലാന്റേഷൻ കോർപറേഷൻ തൊഴിലാളികളുടെ തൊഴിൽ സംരക്ഷണത്തെക്കുറിച്ചും വ്യക്തത ഉണ്ടാവേണ്ടതുണ്ട്. തൊഴിൽ സംരക്ഷണം മാത്രമല്ല വിഷയമെന്നു തൊഴിലാളികൾ പറയുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ കറപ്പത്തോട്ടമാണു നാടുകാണിയിലേത്. ഇതു നശിപ്പിച്ചു പാർക്ക് സ്ഥാപിക്കരുതെന്ന അഭിപ്രായവും ഉയരുന്നുണ്ട്. നാടുകാണിയിൽ ഇപ്പോൾ കറപ്പ തൈലം, പുൽതൈലം, പാഷൻഫ്രൂട്ട് മൂല്യവർധിത ഉത്പന്നങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നുണ്ട്. ഇതെല്ലാം പദ്ധതി വരുന്നതോടെ നിലയ്ക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

പദ്ധതി ഇങ്ങനെ

അനിമൽ സഫാരി പാർക്ക്, മൃഗശാല, ബോട്ടാണിക്കൽ ഗാർഡൻ എന്നിവ സ്ഥാപിക്കുന്നതാണു പദ്ധതി. ഇതിൽ 100 ഏക്കറോളം ഭൂമിയിൽ സിംഹം, കടുവ പോലുള്ള അക്രമസ്വഭാവമുള്ള മൃഗങ്ങളെ കൂട്ടിലടച്ചു വളർത്താനും ബാക്കി സ്ഥലത്തു സസ്യഭുക്കുകളും മാംസഭുക്കുകളുമായ മൃഗങ്ങളെ പ്രത്യേകം വിഹരിക്കാൻ അനുവദിക്കുകയും ചെയ്യുന്ന കാര്യമാണു പരിഗണിക്കുന്നത്. ഈ ഭാഗത്തുകൂടി കാഴ്ചക്കാർക്കു പ്രത്യേക വാഹനങ്ങളിലെത്തി അവയെ കാണാൻ സാധിക്കുന്ന സഫാരി പാർക്കാണു വിഭാവനം ചെയ്യുന്നത്. സോളർ പാനലുകൾ സ്ഥാപിച്ചു വൈദ്യുതി ലഭ്യമാക്കാനും കൂറ്റൻ മഴവെള്ള സംഭരണി സ്ഥാപിച്ചു വർഷം മുഴുവൻ ജലലഭ്യത ഉറപ്പാക്കാനുമാണ് ആലോചിക്കുന്നത്.

പാരിസ്ഥിതിക പ്രശ്‌നം

പാരിസ്ഥിതിക പ്രശ്‌നങ്ങൾ നിലനിൽക്കുന്ന നാടുകാണി പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യമാണ് സി.പി.ഐ ഉന്നയിക്കുന്നത്. പാർക്കിന് സമീപത്തെ കിൻഫ്ര ഭൂമിയിൽ വ്യവസായ സ്ഥാപനങ്ങൾ സ്ഥാപിച്ച ശേഷം പന്നിയൂർ കൂവേരി, പടപ്പങ്ങോട്, പ്രദേശങ്ങളിൽ കുടിവെള്ളം ശുദ്ധവായു എന്നിവ മലിനമായിരിക്കുകയാണ്. ഇതിന് ഒരു പരിധിവരെ നാടുകാണി തോട്ടത്തിലെ മരങ്ങൾ ആശ്വാസമാണ്.ഇതൊക്കെയും നശിപ്പിച്ചാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്നാണ് വിമർശനം.

ടൂറിസം രംഗത്ത് മുതൽക്കൂട്ട്

വന്യജീവിപ്രേമികൾക്ക് സന്തോഷവാർത്തയാണ് അനിമൽ സഫാരിപാർക്ക്, ഇനി ജംഗിൾ സഫാരി ചെയ്യാൻ ആഗ്രഹം വരുമ്പോൾ, പാസ്‌പോർട്ട് എടുക്കേണ്ട കാര്യമില്ല! നമ്മുടെ തൊട്ടടുത്ത് ഒരുങ്ങുന്ന സഫാരി പാർക്കിൽ എത്തിയാൽ മതി. ജംഗിൾ സഫാരി പദ്ധതി വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ നൽകുകയും ചെയ്യും. നിരവധി ഇനം പക്ഷികളുടെയും വന്യമൃഗങ്ങളുടെയും ചിത്രശലഭങ്ങളുടെയും ആവാസ കേന്ദ്രമായി നാടുകാണി സഫാരി പാർക്ക് മാറും. പൂർണ്ണമായി ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് മൃഗശാലയും ബോട്ടാണിക്കൽ പാർക്കും ആരംഭിക്കുക. ഉടൻ പാർക്കിന്റെ പ്രാഥമിക ജോലി ആരംഭിക്കും. പൊതുമേഖല, സഹകരണമേഖല, സ്വകാര്യ മേഖല, എന്നിവയുടെ സംയുക്ത സംരംഭമായിട്ടാണ് സഫാരി പാർക്ക് ആരംഭിക്കുന്നത്. കണ്ണൂർ വിമാനത്താവളം അടക്കം ഗതാഗത സൗകര്യങ്ങൾ പാർക്കിന് അനുകൂലമായി മാറും. തൊട്ടടുത്തുള്ള പറശ്ശിനി മുത്തപ്പൻ ക്ഷേത്രം, സ്‌നേക്ക് പാർക്ക് എന്നിവയും മലബാർ റിവർ ക്രൂയിസ് പദ്ധതിയുടെ ഭാഗമായുള്ള വിവിധ പദ്ധതികളും ഉൾപ്പെടുത്തിയിട്ടുള്ള ടൂറിസം പാക്കേജും സഫാരി പാർക്കിന് ഗുണകരമാകും

[ad_2]

Source link

Related Articles

Back to top button