KERALALATEST NEWS

കൊല്ലം തുളസി ഉൾപ്പെടെയുള്ളവരിൽ നിന്ന് 2.5 കോടി തട്ടിയ അച്ഛനും മകനും അറസ്റ്റിൽ

[ad_1]

1

തിരുവനന്തപുരം: നിക്ഷേപം ഇരട്ടിയാക്കി നൽകുമെന്ന് വിശ്വസിപ്പിച്ചു സിനിമാതാരം കൊല്ലം തുളസി ഉൾപ്പെടെയുള്ളവരിൽ നിന്നും 2.5 കോടി രൂപ തട്ടിയ കേസിൽ അച്ഛനും മകനും ഒരു വർഷത്തിന് ശേഷം പിടിയിൽ. വട്ടിയൂർക്കാവ് പുളിമൂട് ലെയിൻ സ്വദേശി സന്തോഷ് (60) മകൻ ദീപക് (26) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്‌റ്റ് ചെയ്തത്.

2022 ഡിസംബറിൽ തട്ടിപ്പുനടത്തി മുങ്ങിയ ഇവരെ ഡൽഹിയിൽ നിന്നാണ് മ്യൂസിയം പൊലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. 23 ലക്ഷം രൂപയാണ് കൊല്ലം തുളസിയിൽ നിന്ന് ഇവർ തട്ടിയത്. ഏഴ് ലക്ഷം രൂപ തട്ടിയെന്ന് കവടിയാർ സ്വദേശിയും മ്യൂസിയം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവർക്കെതിരെ ഫോർട്ട്, ശ്രീകാര്യം, വട്ടിയൂർക്കാവ് സ്‌റ്റേഷനുകളിലും സമാന തട്ടിപ്പുകേസ് നിലവിലുണ്ട്. എല്ലാ കേസുകളിലും കൂടി 2.5 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ജി കാപ്പിറ്റൽ എന്ന പേരിൽ കമ്പനിയുണ്ടാക്കി ഷെയർ മാർക്കറ്റ് വഴി നിക്ഷേപം ഇരട്ടിയാക്കുമെന്നു വാഗ്ദാനം ചെയ്ത‌തായിരുന്നു തട്ടിപ്പ്. കൊല്ലം തുളസിയിൽ നിന്നു ആദ്യം രണ്ടു ലക്ഷം രൂപ വാങ്ങിയതിനു ശേഷം 4 ലക്ഷമായി തിരിച്ചു നൽകിയിരുന്നു. പിന്നീട് 4 കൊടുത്തപ്പോൾ 8 ലക്ഷം മടക്കി നല്കി. ഇങ്ങനെ വിശ്വാസം നേടിയെടുത്തതോടെയാണ് 22.5 ലക്ഷം രൂപ നടൻ കൈമാറിയത്.

ഇത്തരത്തിൽ പലരിൽ നിന്നും പണം വാങ്ങിയശേഷം പ്രതികൾ ഒളിവിൽപോയി. ഫോൺ രേഖകളെല്ലാം പ്രതികൾ നശിപ്പിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനു ശേഷം അയർലണ്ടിലേക്ക് കടന്നു. അവിടെ അഞ്ച് മാസം താമസിച്ചു. വിസ കാലാവധി കഴിഞ്ഞതോടെ ഡൽഹിയിലെത്തിയെങ്കിലും തിരികെ പോകാൻ കഴിഞ്ഞില്ല.

നവകേരള സദസിലെ പരാതി: അന്വേഷണം വേഗത്തിലാക്കി

നവകേരള സദസിലെ പരാതിയാണ് പ്രതികളെ പിടികൂടുന്നതിൽ വേഗത കൂട്ടിയതെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. കൊല്ലം തുളസി തിരുവനന്തപുരത്തെ നവകേരള സദസിൽ പരാതി നൽകിയിരുന്നു. ഇത് കൂടാതെ പൂജപ്പുര സ്വദേശിയും നവകേരള സദസിൽ പരാതി നൽകി. തുടർന്ന് പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പ്രത്യേക സംഘം ഡൽഹിയിലെത്തി പ്രതികളെ പിടികൂടിയത്.

[ad_2]

Source link

Related Articles

Back to top button