KERALALATEST NEWS

കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണക്കവർച്ചകളും തട്ടിപ്പും നടക്കുന്നത് തൃശൂരാണ്, കാരണം എന്താണെന്ന് അറിയുമോ?

[ad_1]

gold

സ്വർണത്തിന് അനുദിനം വില കൂടിവരികയാണല്ലോ. സ്വർണത്തിൻ്റെ ഡിമാൻഡ് കൂടുമ്പോൾ കവർച്ചക്കാരും പൊന്നിൽ കണ്ണുവയ്ക്കുന്നുണ്ട്. ചെറുതും വലുതുമായി നിരവധി സ്വർണക്കവർച്ചകളാണ് നടക്കുന്നത്. സ്വർണം വീട്ടിൽ സൂക്ഷിക്കുമ്പോഴും ധരിച്ചു നടക്കുമ്പോഴും കെെമാറ്റം ചെയ്യുമ്പോഴുമെല്ലാം ശ്രദ്ധ പുലർത്തിയില്ലെങ്കിൽ കവർച്ചക്കാരുടെ ഇരയാകും. അനുദിനം വിലകൂടുന്ന സാഹചര്യത്തിൽ സ്വർണം കൊണ്ടുപോകുമ്പോഴും വീടുകളിൽ സൂക്ഷിക്കുമ്പോഴും ജാഗ്രത പുലർത്തണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.

ഏതാനും മാസം മുൻപ് തൃശൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും യുവാക്കളെ ആക്രമിച്ച് മൂന്നു കിലോഗ്രാം സ്വർണമാണ് തട്ടിയെടുത്തത്. കേസിൽ 19 പേർ അറസ്റ്റിലായെങ്കിലും കണ്ടെടുത്തത് മുക്കാൽ കിലോഗ്രാം സ്വർണം മാത്രം. കേരളത്തിലും തമിഴ്നാട്ടിലും അരിച്ചുപെറുക്കിയാണ് സ്വർണം കണ്ടെടുക്കാനായത്. ഭൂരിഭാഗം സ്വർണക്കവർച്ചാകേസുകളിലും സ്ഥിതി വ്യത്യസ്തമല്ലെന്നതാണ് സത്യം.

കവർച്ചക്കാർ അയൽ സംസ്ഥാനങ്ങളിലേക്ക് നിരവധി ഇടനിലക്കാരിലൂടെ സ്വർണം കെെമാറും. ആഭരണങ്ങൾ ഉടനെ ഉരുക്കി രൂപം മാറ്റുകയും ചെയ്യും. കീരിക്കാടൻ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ക്വട്ടേഷൻ സംഘത്തിന്റെ തലവനാണ് കഴിഞ്ഞദിവസം തൃശൂരിൽ അറസ്റ്റിലായത്. എറണാകുളം കുറുപ്പുംപടി സ്വദേശിയായ നിരവധി കവര്‍ച്ച കേസുകളിലും വധശ്രമകേസുകളിലും പ്രതിയായ കീരിക്കാൻ ലാലു എന്നറിയപ്പെടുന്ന ലാലു ലിജോ (28) അടക്കം പിടിയിലായിട്ടും സ്വർണം കണ്ടെത്താനാവാത്തത് പൊലീസിനെയും പ്രതിക്കൂട്ടിലാക്കുന്നുണ്ട്. കൊല്ലം പാരിപ്പള്ളിയിലെ ഒളിവുസങ്കേതത്തില്‍നിന്നുമാണ് ലാലു ലിജോയെ പിടികൂടുന്നത്. സെപ്തംബർ എട്ടിന് രാത്രിയിലായിരുന്നു കവർച്ച. കൊക്കാലെയിൽ നിന്ന് മാർത്താണ്ഡത്തേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നു കിലോ സ്വർണമാണ് കാറിലെത്തിയ ക്രിമിനൽ സംഘം കവർന്നത്. സ്വർണക്കടയിലെ മുൻ ജീവനക്കാരനായിരുന്നു ഒറ്റുകാരൻ.

കണ്ണുവച്ച് ക്വട്ടേഷൻ സംഘങ്ങൾ
സ്വർണക്കവർച്ചയ്ക്ക് വ്യാപകമായി ക്വട്ടേഷൻ സംഘങ്ങളും കണ്ണുവയ്ക്കുന്നുണ്ട്. എറണാകുളത്തെ കുപ്രസിദ്ധ ക്വട്ടേഷൻ സംഘമാണ് കീരിക്കാടൻ ബ്രദേഴ്‌സ് എന്ന ക്വട്ടേഷൻ സംഘം. സഹോദരങ്ങളായ ലാലു, ലിന്റോ, ലിയോ എന്നിവർ നേതൃത്വം നൽകുന്ന ക്വട്ടേഷൻ സംഘമാണ് കീരിക്കാടൻ ബ്രദേഴ്‌സ്. വിവിധ ജില്ലകളിലും തമിഴ്നാട്ടിലും നിരവധി കേസുകളുണ്ട്. കീരിക്കാടൻ ലിന്റോ ഈ കവർച്ച കേസില്‍ ജയിലിലാണ്. ഇയാള്‍ക്കെതിരെ കവർച്ച കേസുകളും കൊലപാതക കേസുകളുമുണ്ട്. ഈ സംഘത്തിലെ ഇവരുടെ സഹോദരൻ ലിയോ മയക്കുമരുന്നു കേസിൽപ്പെട്ട് മലമ്പുഴ ജയിലിലാണ്. സ്വർണ കവർച്ച കേസുമായി ബന്ധപ്പെട്ട് നാലുപേർ അന്വേഷണസംഘത്തിന്റെ പിടിയിലായിട്ടുണ്ട്.

ലാലു ഒളിവിൽ കഴിഞ്ഞിരുന്നത് കൊല്ലം പാരിപ്പള്ളിയിലെ ചുറ്റുമതിലുകളുള്ള വലിയ രണ്ടു നില വീട്ടിലായിരുന്നു. കാവലായി അപകടകാരികളായ അമേരിക്കൻ പിറ്റ് ബുൾ ഇനത്തില്‍പ്പെട്ട രണ്ട് നായകളെയും വളർത്തിയിരുന്നു. ഒളിവുസങ്കേതത്തിൽനിന്നും വളരെ സാഹസികമായിയാണ് പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന്, കവർച്ച, തട്ടിപ്പ് കേസുകളിൽപ്പെട്ട പ്രതികളിലേറെയും കാവലിന് അപകടകാരികളായ നായ്ക്കളെ വളർത്തുന്നത് പൊലീസിനും എക്സെെസിനും വെല്ലുവിളി ഉയർത്തുന്നുണ്ട്.

സ്വർണപ്പണയവും തകൃതി

കൊവിഡ് വൈറസിന്റെ വ്യാപനത്തിൽ സാമ്പത്തി മേഖല തകർന്നപ്പോൾ സാധാരണക്കാരന്, ആവശ്യങ്ങൾ നിറവേറ്റാനുളള അവസരങ്ങളുടെ വഴിതുറന്നതിൽ ഏറ്റവും പ്രധാനമായിരുന്നു സ്വർണപ്പണയ സ്ഥാപനങ്ങൾ. പതിറ്റാണ്ടുകളായി മലയാളികൾ കൂടുതലും ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നത് സ്വർണപ്പണയത്തെയാണ്. സ്വർണത്തിന്റെ ഉപയോഗവും കൂടുതലാണ് മലയാളികൾക്ക്. അതുകൊണ്ടു പണത്തിന് അത്യാവശ്യമുള്ളവർക്ക് ഏറ്റവും വലിയ ആശ്രയമാണിത്. ബാങ്കുകളും സ്വകാര്യധനകാര്യ കമ്പനികളുമടക്കം ആയിരക്കണക്കിന് സ്ഥാപനങ്ങളാണ് കേരളത്തിൽ ഗോൾഡ് ലോൺ ലഭ്യമാക്കുന്നത്. പണത്തിന് പ്രയാസം അനുഭവിക്കുന്നവർക്ക് വലിയ അനുഗ്രഹമായിത്തീർന്നിരിക്കുകയാണിത്. പണത്തിന്റെ അത്യാവശ്യം കാരണം പലപ്പോഴും സ്വർണം പണയം വയ്ക്കുന്ന സ്ഥാപനത്തെപ്പറ്റിയോ ഈടാക്കുന്ന മാസപ്പലിശയെപ്പറ്റിയോ ഭൂരിഭാഗംപേരും ആലോചിക്കാറില്ല എന്നുള്ളതാണ് സത്യം. എവിടെ കാശ് കൂടുതൽ കിട്ടുന്നോ അവിടെ സ്വർണം കൊണ്ടുപോയി വയ്ക്കുകയെന്നതാണ് ശീലം. അതുകൊണ്ടുതന്നെ ലോണെടുക്കുന്ന സ്ഥാപനത്തിന് പ്രാധാന്യം നൽകണം. കഴിവതും ബാങ്കുകളിൽ നിന്നും പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ഗോൾഡ് ലോണെടുക്കാം. ഓരോ സ്ഥാപനങ്ങളിലും ഈടാക്കുന്ന പലിശയും മറ്റു നിരക്കുകളും വ്യത്യസ്തമായിരിക്കും. സ്വർണം എപ്പോഴും നമുക്കൊരു നിക്ഷേപമാണ്. ഈയിടെ അടിക്കടിയുണ്ടാവുന്ന സ്വർണവിലയിലെ വർദ്ധന സാധാരണക്കാരനെ ബാധിക്കുന്നുണ്ടെങ്കിലും സ്വർണത്തിനുള്ള ഡിമാന്റ് കുറയാറില്ല എന്നതാണ് പ്രധാനം. എത്ര വില കൂടിയാലും സ്വർണം സൂക്ഷിക്കുന്നത് പ്രയാസകരമാണെങ്കിലും സ്വർണത്തിന്റെ ഡിമാൻഡ് കൂടുകയാണെന്ന് ചുരുക്കം.

സ്വർണം വാങ്ങാനുള്ള ശരിയായ സമയം എപ്പോഴാണന്ന് തിരിച്ചറിയുന്നവർ കൂടുതലും മലയാളികൾ തന്നെയാണ്. സ്വർണ വിലയുടെ ഉയർച്ചയും താഴ്ചയും താത്കാലികമാണ്, അവ നിരന്തരം ചാഞ്ചാട്ടം തുടരും. ഭാവിയിലെ ഒരു ഇവന്റിനും ഗണ്യമായ അളവിനുമായി സ്വർണ വാങ്ങൽ ആസൂത്രണം ചെയ്യുകയാണെങ്കിൽ, കൃത്യമായ സമയത്തിനായി കാത്തിരിക്കരുതെന്ന് അവർക്കറിയാം. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുടെ അവസ്ഥയും ഈ നിരക്കുകളെ വളരെ അസ്ഥിരമാക്കുന്നതാണ്. അതുകൊണ്ടു തന്നെ ഇത് പ്രവചനാതീതമാണ്. ഏറ്റവും നല്ല മാർഗം വില കുറയുമ്പോഴെല്ലാം ചെറിയ അളവില്‍ സ്വർണം ശേഖരിക്കാനാണ് വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നത്.

സ്വർണത്തിന്റെ തലസ്ഥാനം

സ്വർണപ്പണയത്തിലൂടെ സാധാരണക്കാർക്ക് കൈത്താങ്ങാവുന്ന സാമ്പത്തികവ്യവസ്ഥയുള്ള നാടാണ് തൃശൂര്‍. ഇന്ത്യയിൽ മുംബയ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വര്‍ണക്കടകളുള്ളതും സ്വര്‍ണവ്യാപാരം നടക്കുന്നതും തൃശൂര്‍ നഗരത്തിലാണ്. ആഗോളവ്യാപകമായ പല സ്വർണവ്യാപാര പ്രസ്ഥാനങ്ങളും ഇവിടെ നിന്നാണ് തുടക്കം കുറിച്ചത്. പേരു കേട്ട സ്വര്‍ണഭാരണ നിര്‍മ്മാണകേന്ദ്രം കൂടിയാണ് തൃശൂർ ജില്ല.

സ്വർണ ആഭരണ നിർമ്മാണത്തില്‍ തൃശൂരില്‍ നിന്ന് കാൽ ലക്ഷത്തോേളം പേർ നേരിട്ടും അനുബന്ധ ജോലികളിലും വിപണനരംഗത്തുമായി ആയിരക്കണക്കിനു പേർ തൊഴിലെടുക്കുന്നുണ്ടെന്നാണ് കണക്ക്. സ്വർണവിലയുടെ അടിസ്ഥാനത്തിലാണ് ഇവർക്ക് കൂലി നിരക്ക് ലഭിക്കുന്നത്. വ്യാപാര രംഗത്ത് തൃശൂരിന്റെ പെരുമ കാത്തതും സ്വർണ കടകളും സ്വർണാഭരണ നിർമ്മാണ ശാലകളുമാണ്. അന്യ സംസ്ഥാന തൊഴിലാളികള്‍ അടക്കം മറ്റ് ജില്ലകളിൽ നിന്നുള്ളവർ വരെ തൃശൂരിലെ സ്വർണാഭരണ നിർമ്മാണ മേഖലയിൽ പണിയെടുക്കുന്നുണ്ട്.

സ്വർണത്തോട് വൈകാരികവും വിശ്വാസപരവുമായ ബന്ധവും തൃശൂർക്കാർക്കുണ്ട്. അക്ഷയതൃതീയദിനാഘോഷങ്ങളെല്ലാം സജീവമായി തൃശൂരില്‍ നിലകൊളളുന്നതും അതുകൊണ്ടാണ്. ക്ഷേത്രങ്ങളുടേയും വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും നാടായതുകൊണ്ടു കൂടിയാണ് സ്വർണത്തിന്റെ നഗരമായി തൃശൂര്‍ നിലകൊള്ളുന്നത്. സ്വർണാഭരണ നിർമ്മാണസ്ഥാപനങ്ങളും തൊഴിലാളികളും ജുവലറികളുമെല്ലാം തൃശൂരിലായതു കൊണ്ടു തന്നെ സ്വർണക്കവർച്ചകളും തട്ടിപ്പുകളും തൃശൂരിൽ കൂടുതലാണ്.

[ad_2]

Source link

Related Articles

Back to top button