KERALALATEST NEWS

 പാർട്ടി പ്രാദേശിക നേതാവിന്റെ കത്ത് സത്യന്റെ കൊലപാതകം സി.പി.എം അറിവോടെ

[ad_1]

letter

കായംകുളം (ആലപ്പുഴ): കായംകുളത്ത് 2001ൽ ഐ.എൻ.ടി.യു.സി നേതാവ് സത്യനെ കൊലപ്പെടുത്തിയത് സി.പി.എം ആലോചിച്ച് നടത്തിയതാണെന്ന് പാർട്ടി പ്രാദേശിക നേതാവും ആലപ്പുഴ ജില്ലാ പഞ്ചായത്തംഗവുമായ ബിപിൻ.സി.ബാബുവിന്റെ വെളിപ്പെടുത്തൽ. പാർട്ടിയിലെ തരംതാഴ്ത്തലിൽ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്തംഗത്വം രാജിവയ്ക്കുന്നതിന് സന്നദ്ധത അറിയിച്ച് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് അയച്ച കത്തിലാണ് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്ന പരാമർശം.

ആർ.എസ്.എസ് പ്രവർത്തകനായിരുന്ന സത്യൻ പിന്നീട് ഐ.എൻ.ടി.യു.സിയിൽ ചേർന്നിരുന്നു. 2001ൽ കായംകുളം കരീലക്കുളങ്ങരയിൽ വച്ചാണ് കൊലചെയ്യപ്പെട്ടത്. ഏഴ് പ്രതികളുണ്ടായിരുന്ന കേസിൽ ആറാം പ്രതിയായിരുന്നു ബിപിൻ. തെളിവില്ലെന്നു കണ്ട് ഏഴു പ്രതികളെയും 2006ൽ കോടതി വെറുതെ വിട്ടിരുന്നു.

നിരപരാധിയായ തന്നെ കൊലക്കേസിൽ പ്രതി ചേർത്തതുമൂലം 19ാം വയസിൽ രണ്ടുമാസം ജയിലിൽ കിടന്നുവെന്നും കായംകുളം മുൻ ഏരിയാ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് മുൻവൈസ് പ്രസിഡന്റുമായ ബിപിൻ.സി.ബാബു കത്തിൽ പറയുന്നു. ബിപിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസിൽ പുനരന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗമായിരുന്ന ഭാര്യ ഗാർഹിക പീഡനം ആരോപിച്ച് പാർട്ടിക്ക് പരാതി നൽകിയതിനെ തുടർന്ന് ബിപിനെ സി.പി.എം നേരത്തേ പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസം തിരിച്ചെടുത്തെങ്കിലും ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്താതെ ബ്രാഞ്ച് കമ്മിറ്റിയിലാണ് ഉൾപ്പെടുത്തിയത്. ഇത് തരംതാഴ്ത്തലാണെന്ന് ആരോപിച്ചാണ് കത്ത് നൽകിയത്. അതേസമയം, രാജിഭീഷണി സമ്മർദ്ദ തന്ത്രമാണെന്ന് സി.പി.എമ്മിലെ ഒരു വിഭാഗം ആരോപിക്കുന്നു.

ബിപിന്റെ അമ്മ രാജിവച്ചു

ജില്ലയിൽ പാർട്ടിയിലെ വിഭാഗീയതയുടെ ഭാഗമായി തന്നെ ഒതുക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് ബിപിൻ സി.ബാബുവിന്റെ അമ്മയും കായംകുളം ഏരിയ കമ്മിറ്റിയംഗവുമായ കെ.എൽ.പ്രസന്നകുമാരി പാർട്ടിയിൽ നിന്ന് രാജിവച്ചു. ഒരു ജില്ലാ സെക്രട്ടേറിയറ്റംഗത്തിനെതിരെ രൂക്ഷ വിമർശനവും സംസ്ഥാന, ജില്ലാ, ഏരിയാ സെക്രട്ടറിമാർക്ക് നൽകിയ രാജിക്കത്തിൽ ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ 8ന് അയച്ച രാജിക്കത്ത് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അതേസമയം, മകനെ ഏരിയാ കമ്മിറ്റിയിലേക്ക് തിരിച്ചെടുപ്പിക്കാനുളള സമ്മർദ്ദതന്ത്രമാണ് രാജിയെന്ന് ഒരുവിഭാഗം ആരോപിക്കുന്നു.

എന്നാൽ, ആരും രാജിവച്ചിട്ടില്ലെന്ന് കായംകുളം ഏരിയ സെക്രട്ടറി പി.അരവിന്ദാക്ഷൻ പറഞ്ഞു. പാർട്ടി നടപടി നേരിട്ട മുൻ ഏരിയ കമ്മിറ്റിയംഗം ബി.ജയചന്ദ്രനും രാജിവച്ചെന്ന് അഭ്യൂഹം പരന്നെങ്കിലും പാർട്ടി അംഗത്വമില്ലാത്ത താൻ എങ്ങനെയാണ് രാജിവയ്ക്കുന്നതെന്ന ചോദ്യവുമായി അദ്ദേഹം രംഗത്തെത്തി.

”സി.പി.എം ആരെയും കൊലപാതകത്തിന് നിയോഗിക്കാറില്ല. സംഘർഷത്തിന്റെ ഭാഗമായുണ്ടായതാണ് സത്യൻ കൊലപാതകം. അന്നത്തെ പൊലീസ് പാർട്ടി സഖാക്കളെ പ്രതികളാക്കി. കോടതി വെറുതെ വിട്ടു. ഏരിയാ കമ്മിറ്റിയംഗം രാജിവച്ചെന്നത് അടിസ്ഥാനരഹിതമാണ്

-ആർ.നാസർ, സി.പി.എം,

ആലപ്പുഴ ജില്ലാ സെക്രട്ടറി

[ad_2]

Source link

Related Articles

Back to top button