KERALALATEST NEWS

‘മൂന്ന് തവണ പരീക്ഷയെഴുതി തോറ്റിട്ടും ഞാൻ കളക്ടറായി, ആ മൂന്ന് ശത്രുക്കളാണ് അതിന് കാരണം’; ജീവിത കഥ പറഞ്ഞ് കൃഷ്ണതേജ

[ad_1]

krishna-teja

ഏഴാം ക്ലാസ് വരെ ഒരു ശരാശരി വിദ്യാർത്ഥിയായിരുന്ന താൻ എങ്ങനെ ഐഎഎസ് നേടി എന്ന കഥ വിശദീകരിച്ച് തൃശൂർ കളക്ടർ കൃഷ്ണ തേജ. ഒരു ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം തന്റെ ജീവിതകഥ പറഞ്ഞത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

‘പഠനം നോക്കിയാൽ ക്ലാസിൽ ഏറ്റവും അവസാന സ്ഥാനം എനിക്കായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കുടുംബത്തിന് സാമ്പത്തിക പ്രശ്നമുണ്ടായി. ഈ സമയത്ത് പഠനം അവസാനിപ്പിച്ച് ഏതെങ്കിലും കടയിൽ ജോലിക്ക് പോകാൻ ബന്ധുക്കൾ പറഞ്ഞു. എന്നാൽ മാതാപിതാക്കൾക്ക് വിദ്യാഭ്യാസം അവസാനിപ്പിക്കാൻ ​താൽപ്പര്യമില്ലായിരുന്നു. ഈ സമയത്താണ് അയൽവാസി സഹായം വാ​ഗ്‌ദ്ധാനം ചെയ്തത്. എന്നാൽ സൗജന്യം വാങ്ങാൻ അമ്മ മടിച്ചു. അങ്ങനെ ഞാൻ സ്കൂൾ കഴിഞ്ഞ് അയാളുടെ മരുന്ന് കടയിൽ ജോലിക്ക് പോയിതുടങ്ങി. അവിടെ നിന്നാണ് വിദ്യാഭ്യാസത്തിന്റെ വില മനസിലായത്. അങ്ങനെയാണ് നന്നായി പഠിക്കണമെന്ന് തീരുമാനിച്ചത്. അങ്ങനെ പത്താം ക്ലാസും പ്ലസ് ടുവും എഞ്ചിനീയറിംഗും ഒന്നാമനായി വിജയിച്ചു.’

‘എഞ്ചിനീയറിംഗിൽ ടോപ്പറായതിന് ശേഷം മൾട്ടിനാഷണൽ കമ്പനിയിൽ ലക്ഷങ്ങൾ ശമ്പളത്തിൽ നല്ലൊരു ജോലി ‌ഡൽഹിയിൽ കിട്ടി.അവിടെ താമസിക്കുമ്പോഴാണ് ദൈവം എനിക്കൊരു നല്ല റൂംമേറ്റിനെ തന്നത്. അദ്ദേഹത്തിന് ഐഎഎസ് ആകാനായിരുന്നു താൽപര്യം. അതുവരെ ഐഎഎസ് എന്താണെന്ന് എനിക്കറിയില്ലായിരുന്നു. തികച്ചും ​ഗ്രാമീണനായ ഞാൻ അതുവരെ കേട്ടതിൽ വച്ച് ഏറ്റവും വലിയ ഉദ്യോ​ഗസ്ഥൻ തഹസിൽദാറായിരുന്നു. ഏതെങ്കിലും കാരണത്താൽ തഹസിൽദാർ ​ഗ്രാമത്തിൽ വന്നാൽ ഒരാഴ്ച മുന്നേ ​ഗ്രാമത്തിലെ റോഡും ഓടയുമെല്ലാം വൃത്തിയാക്കും. തെരുവ് വിളക്കുകളെല്ലാം കത്തും. ഈ തഹസിൽദാറുമാരുടെയെല്ലാം തലവൻ കളക്ടറാണെന്നും കളക്ടറായാൽ നാടിന് ​ഗുണമുള്ള പലതും ചെയ്യാനാകുമെന്നും റൂം മേറ്റാണ് ആദ്യമായി എനിക്ക് പറഞ്ഞുതന്നത്. എന്നെ നിർബന്ധിച്ച് കോച്ചിംഗിന് കൊണ്ടുപോയതും അദ്ദേഹമാണ്. ‘

‘പതിയെ പതിയെ എനിക്ക് മനസിലായി ഐഎഎസ് ജോലിയല്ല, സേവനമാണെന്ന്. ഐഎഎസ് കിട്ടിയാൽ 35 വർഷത്തോളം പൊതുജനത്തെ സേവിക്കാമെന്നും. അങ്ങനെയാണ് ​ഗൗരവത്തോടെ പരിശീലനത്തിന് പോയി തുടങ്ങിയത്. ആദ്യ തവണ പരീക്ഷ എഴുതി തോറ്റു. ജോലിയോടൊപ്പം പഠിച്ചതിനാലാണ് തോറ്റതെന്ന് കരുതി ജോലി രാജിവച്ച് പഠിച്ച് രണ്ടാം തവണയും പരീക്ഷയെഴുതി തോറ്റു. എല്ലാത്തിലും ടോപ്പറായ ഞാനെങ്ങനെ തോൽക്കുന്നുവെന്ന് മനസിലായില്ല. നിർഭാ​ഗ്യമാണെന്ന് കരുതി. മൂന്നാം തവണ മുഴുവൻ സമയവും പഠിച്ചിട്ടും തോറ്റു. മൂന്ന് വലിയ ജയത്തിന് ശേഷം മൂന്ന് തവണ തോറ്റുവെന്നത് സ്വയം ചോദിച്ചു. അതോടെ ആത്മവിശ്വാസം പോയി, ഏകദേശം ഒരുമാസം എന്തുകൊണ്ട് തോറ്റ് എന്ന് സ്വയം അന്വേഷിച്ചു. പിന്നീട് സുഹൃത്തുക്കളോടന്വേഷിച്ചു.അവർക്കും മനസിലായില്ല. തുടർന്ന് ഐഎഎസ് പാസാകില്ലെന്ന് തീരുമാനിച്ച് ഐടി ജോലിക്ക് അപേക്ഷിച്ചു. ഐടി ജോലി ഉടനെ കിട്ടി. ഈ വിവരം എന്റെ ശത്രുക്കൾ ഉൾപ്പെടെ എല്ലാവരും അറിഞ്ഞു. എന്നെ കാണാനായി മൂന്ന് ശത്രുക്കളും എത്തി. ‘

‘അവരെ മൂന്ന് പേരെയും ക്ഷണിച്ച് അകത്തിരുത്തി. എനിക്ക് നല്ലത് ഐടി ജോലിയാണെന്നും ഐഎഎസ് ശരിയാകില്ലെന്നും മൂവരും പറഞ്ഞു. അതിനെ പിന്തുണച്ച ശേഷം എന്തുകൊണ്ടാണ് എനിക്ക് ഐഎഎസ് കിട്ടാതത്തതെന്ന് അവരോട് ചോദിച്ചു.

ആദ്യത്തെ ശത്രു എന്നോട് പറഞ്ഞു, സിവിൽ സർവീസ് പരീക്ഷയിൽ 2000 മാർക്ക് എഴുത്തു പരീക്ഷയാണല്ലോ പക്ഷേ കൈയക്ഷരം മോശമായതിനാൽ മാർക്ക് കുറയും എന്ന്. രണ്ടാമത്തെ ശത്രു എന്നോട് പറ‍ഞ്ഞു, നിങ്ങൾ ഉത്തരങ്ങൾ പോയിന്റിട്ടാണ് എഴുതുന്നത്. പക്ഷേ ഉത്തരങ്ങൾ നല്ല ഒഴുക്കോടെ മനോഹരമായ ഭാഷയിൽ കഥ പറയും പോലെ എഴുതിയാൽ മാർക്ക് കിട്ടുമെന്ന്. അദ്ദേഹം പറ‍ഞ്ഞത് നൂറ് ശതമാനം ശരിയായിരുന്നു. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ എനിക്ക് ആർട്സ് വിദ്യാർത്ഥികളെപ്പോലെ ഉത്തരങ്ങൾ കഥപോലെ എഴുതാനറിയില്ലായിരുന്നു. അതിന്റെ പേരിലും മാർക്ക് കുറയുമെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്. മൂന്നാം ശത്രു എന്നോട് പറഞ്ഞു, നിങ്ങൾ വളരെ കാര്യങ്ങൾ ചുരുക്കി സംസാരിക്കുന്നയാളാണ്. അഭിമുഖത്തിൽ വളരെ ഒഴുക്കോടെ കൺവിൻസിംഗായി സംസാരിക്കണമെന്ന്. ഇതും പറഞ്ഞ് മൂവരും തിരിച്ചു പോയി. അതോടെ എനിക്കൊരു കാര്യം മനസിലായി. നമ്മുടെ പോസിറ്റീവ് അന്വേഷിക്കേണ്ടത് സുഹൃത്തുക്കളോടും നെ​ഗറ്റീവ് അന്വേഷിക്കേണ്ടത് ശത്രുക്കളോടുമാണെന്ന്.’

പ്രശ്നങ്ങൾ മനസിലായതോടെ ഐടി ജോലി ഉപേക്ഷിച്ച് ഒരു വർഷം കൂടി ഐഎഎസിന് ശ്രമിക്കാമെന്ന് തീരുമാനിച്ചു. ഇക്കാര്യം അച്ഛനോട് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തു. ചെയ്യുന്നത് വിഡ്ഢിത്തമാണെന്ന് അമ്മയും പറഞ്ഞു.

‘അങ്ങനെ നാലാം തവണ പരീക്ഷയെത്തി. പ്രിലിംസും മെയിനും അഭിമുഖവും വിജയിച്ചു. ആൾ ഇന്ത്യാ തലത്തിൽ 66-ാം റാങ്കും കിട്ടി. ഇന്ന് എല്ലാവരുമെന്നെ ജില്ലാ കളക്ടർ എന്ന് വിളിക്കുന്നു. ഒന്നാം തവണ വിജയിച്ച കളക്ടർ, രണ്ടാം തവണ വിജയിച്ച കളക്ടർ എന്നല്ല ആരുമെന്നെ വിളിക്കുന്നത്. അതിനർഥം എത്ര തവണ പരാജയപ്പെട്ടു എന്നല്ല, നമ്മുടെ ജീവിത ലക്ഷ്യം നേടി‌യോ എന്നതാണ്. ജീവിതത്തിൽ തോൽവി വരും. ചെറിയ തെറ്റുകളായിരിക്കും തോൽവിക്ക് കാരണം. അത് കണ്ടെത്തിയാൽ വലിയ വിജയമായിരിക്കും നമ്മളെ കാത്തിരിക്കുക.’ – കൃഷ്ണതേജ പറഞ്ഞു.

[ad_2]

Source link

Related Articles

Back to top button