KERALALATEST NEWS

വരകളുടെ പരമശിവൻ

[ad_1]

nn

നോവലാകട്ടെ,​ ചെറുകഥയാകട്ടെ വരികൾക്കിടയിലൂടെ കടന്നുപോകും മുമ്പ് ഒപ്പമുള്ളത് നമ്പൂതിരിയുടെ വരയാണെങ്കിൽ അതിലൂടെ അനുവാചകൻ ആദ്യം പോകും.

എം.ടിയുടെ രണ്ടാമൂഴത്തിനു വേണ്ടി അദ്ദേഹം വരച്ച ചിത്രങ്ങളാണ് ഏറ്റവും മികച്ചതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും അതിലും മികച്ച വരകൾ ഞാൻ കണ്ടിട്ടുണ്ട്. പുനത്തിലിന്റെ ‘സ്മാരകശിലകൾ”, വത്സലയുടെ ‘പാളയം”. അതുപോലെ ചെറുകഥകൾക്കു വേണ്ടി അദ്ദേഹം വരച്ചതൊക്കെയും ഗംഭീരമാണ്. വി.കെ.എന്നിന്റെ ചെറുകഥകൾക്ക് നമ്പൂതിരിയുടെ വര ആകർഷകമായി തോന്നിട്ടുണ്ട്. അവർ തമ്മിൽ മാനസിക പൊരുത്തമുണ്ടായിരുന്നു. നമ്പൂതിരിയാണു വരയ്ക്കുന്നതെങ്കിൽ വി.കെ.എന്നിന് എഴുതാൻ ഉത്സാഹം കൂടുമെന്നാണ് കേട്ടിട്ടുള്ളത്. അതുകൊണ്ടു കൂടിയാവണം ‘വരയുടെ പരമശിവൻ” എന്ന് വി.കെ.എൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

നമ്പൂതിരി കലാകൗമുദിക്കുവേണ്ടി വരയ്ക്കുന്ന കാലത്തായിരുന്നു ഞാനുമായി പരിചയപ്പെടുന്നത്. അദ്ദേഹം മിക്കപ്പോഴും കോഴിക്കോടായിരിക്കും. തിരുവനന്തപുരത്ത് ബാങ്ക് ജീവനക്കാരുടെ സംഘടന സംഘടിപ്പിച്ച നമ്പൂതിരിയുടെ ചിത്രങ്ങളുടെ എക്സിബിഷനുവേണ്ടി ചിത്രങ്ങൾ ശരിയാക്കി നൽകിയത് ഞാൻ കൂടി ചേർന്നാണ്. എക്സിബിഷനു വേണ്ടി അദ്ദേഹം തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ആദ്യമായി പരിചയപ്പെടുന്നത്.

ഞാൻ ഈ രംഗത്ത് വരുന്ന കാലത്ത് ഏറെ പ്രയോജനകരമായ ഉപദേശങ്ങളൊക്കെ തരുമായിരുന്നു. ചില തലക്കെട്ടുകൾ ചെയ്യാൻ തരും. സുവനീറിനൊക്കെ കവർ വരച്ചുകൊടുക്കാൻ പലരും നമ്പൂരിതിരിയെ സമീപിക്കും. അതിന്റെ തലക്കെട്ട് എഴുതാൻ എന്നെ ഏൽപ്പിക്കും. എനിക്കത് ഏറെ ഊർജ്ജം പകർന്നിരുന്നു. ഒരു ജാ‌ഡയുമില്ലാതെ നല്ല വിനയത്തോടെയാണ് എല്ലാവരുമായും ഇടപെടുന്നത്.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ‘സുതാര്യകേരളം”പദ്ധതിക്കു വേണ്ടി സി ‌ഡിറ്റ് ഒരു മൊണ്ടാഷ് ചെയ്യാൻ നമ്പൂതിരിയെ കൊണ്ട് ചിത്രം വരപ്പിച്ചു. ചിത്രം വരച്ചിട്ട് നന്നായോ എന്ന് എന്നോട് ചോദിക്കും. അങ്ങനെ ഒരു ചോദ്യത്തിന്റെ ആവശ്യമേ ഇല്ല. അത്രമേൽ വലിയൊരു ആളായിട്ടും മറ്റുള്ളവരുടെ അഭിപ്രായത്തെയും മാനിച്ചിരുന്നു.

2012ൽ എന്റെ വരകളുടെ എക്സിബിഷൻ ആദ്യം നടത്തിയപ്പോൾ ഉദ്ഘാടനം ചെയ്തത് നമ്പൂതിരിയാണ്. അന്ന് പ്രദർശനം നടന്ന സൂര്യകാന്തി ഓഡ‌ിറ്റോറിയത്തിൽ എത്തിയ അദ്ദേഹം അവിടെയിരുന്ന് എന്റെ പടം വരച്ചു തന്നു. എനിക്കു കിട്ടിയ ഏറ്റവും സവിശേഷമായ സമ്മാനമായി ഞാനിന്നും അത് സൂക്ഷിക്കുന്നു.

[ad_2]

Source link

Related Articles

Back to top button